Tuesday 24 December 2013

ന്യൂ ജനറേഷൻ 

                                                                                                                   -ലേഖനം-

                        " യാതൊരു നാണവും തോന്നാത്ത വിധത്തിലുള്ള ലംഗിഗതയും , ' ബീപ്  ' ശബ്ദം കേൾപ്പിക്കതെയുള്ള  തെറി വിളികളും, ഏറ്റവും ആരോജകത്വം സൃഷ്ടിക്കുന്ന  ശബ്ദത്തോട് കൂടിയ ഗാനവും, കഥയെയോ കഥാപത്രങ്ങളെയോ  ഉൾക്കൊള്ളാൻ  സാധിക്കാത്ത വിധത്തിലുള്ള അവതരണവും കൂടിയായാൽ ന്യൂ ജനറേഷൻ സിനിമയായി "- എന്നാണ് ഇപ്പോഴും മലയാള സിനിമയിൽ നിറഞ്ഞു നില്ക്കുന്ന ഒരു പഴയകാല നടൻ ഈയിടെ  അഭിപ്രായപ്പെട്ടത്. സിനിമയിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഘലകളിലും പുത്തൻ തലമുറ ആഗ്രഹിക്കുന്നത് അതിരുകളില്ലാത്ത ആ വ്യത്യസ്തതയാണ്. രാഷ്ട്രീയത്തിൽപ്പോലും  ആ മാറ്റം യുവ തലമുറ ആഗ്രഹിക്കുന്നു എന്നതിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ് ആം ആദ്മി പാർട്ടി ഈയിടെ ഡൽഹിയിൽ   നടത്തിയ മുന്നേറ്റം.
                       " ഇതൊക്കെയെന്ത് ..!!...നിങ്ങളുടെയൊക്കെ ഈ പ്രായത്തിൽ ഞങ്ങൾ കളിച്ചതായിരുന്നു കളി ..!! " -എണ്‍പതുകളിൽ യുവത്വം ആഘോഷിച്ച ഒട്ടുമിക്ക മുതിർന്നവരുടെയും  ആവർത്തന വിരസത തോന്നിക്കുന്ന ഒരു ഡയലോഗാണിത് . എന്നാൽ അതിനെ ചിരിച്ചു തള്ളി സോഷ്യൽ മീഡിയയുടെയും, നവ മാധ്യമങ്ങളുടെയും അകമ്പടിയോടെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പാശ്ചാത്യ അനുകരണം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് മലയാളി യുവത്വം. കാലത്തിന്റെ പരിവർത്തനം ഉൾക്കൊള്ളാൻ സാധിക്കാതെ പഴമയുടെ വീമ്പ്  പറയുന്ന പാരമ്പര്യ വാദികളും, മൈക്രോ സെക്കന്റുകൾക്കുള്ളിൽ  ജീവിത ശൈലിയിൽ മാറ്റം വരുത്താൻ കഴിയുന്ന പുത്തൻ തലമുറയും തമ്മിലുള്ള വാശിയേറിയ 'മാനസിക വടംവലി' എക്കാലത്തും നമ്മുടെ സമൂഹത്തിൽ നിറഞ്ഞ് നിന്ന ഒന്ന് തന്നെയാണ്.
                    മൊബൈൽ ഫോണുകളുടെ അതിപ്രസരമാണ്  കഴിഞ്ഞ പത്ത്  വർഷം  കൊണ്ട് നമ്മുടെ സമൂഹത്തിൽ വന്ന ഏറ്റവും സമൂലമായ മാറ്റം. ദൈവം നമുക്ക് പഞ്ചെന്ദ്രിയങ്ങളാണ് തന്നത് എങ്കിൽ ആറാം ഇന്ദ്രിയത്തിന്റെ  സ്ഥാനം ഇന്ന് മൊബൈൽ ഫോണുകൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഏതെങ്കിലും ഒരു ദിവസം മൊബൈൽ ഫോണ്‍ എടുക്കാൻ മറക്കുന്ന ഒരു ശരാശരി മലയാളിക്ക് സ്വന്തം ഭാര്യയെപ്പോലും വിളിക്കാനുള്ള നമ്പർ ഓർമ്മയിൽ ഉണ്ടാവില്ല എന്നതാണ് സത്യം. തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ആകാശത്ത് വിരിയുന്ന വർണ്ണ ശഭളമായ വെടിക്കെട്ടിനെക്കാൾ എത്രയോ രസകരമായ കാഴ്ചയാണ് അതോപ്പിയെടുക്കാൻ വെമ്പൽ കൊള്ളുന്ന പതിനായിരക്കണക്കിനു മൊബൈൽ ഫോണുകളുടെ ചെറിയ വെളിച്ചത്തോട് കൂടിയ താളാത്മകമായ ചലനം. റോഡിൽ അപകടം നടന്നു കഴിഞ്ഞാൽ പരുക്ക് പറ്റിയവരെ ആശുപത്രിയിലെത്തിക്കുന്നതിനെക്കാൾ ഉത്സാഹത്തോടെ മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ  പകർത്താൻ മലയാളിയെക്കാൾ വ്യഗ്രത കാട്ടുന്നവർ ലോകത്തൊരിടത്തും ഉണ്ടാവില്ല.എന്തിനേറെ പറയുന്നു , ദൂരെ ദിക്കിലുള്ള ഭാര്യയുടെ ലംഗിക സ്പർശനം പോലും ഭർത്താവിനു  അനുഭവിക്കാൻ കഴിയുന്ന വിധത്തിലാണ് ഏറ്റവുമൊടുവിൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്. മൊബൈൽ ഫോണുകളുടെ അതിപ്രസരം ഭാര്യയ്ക്കും ഭർത്താവിനുമിടയിൽപ്പോലും സ്വകാര്യതകളുടെ വൻമതിൽക്കെട്ടുകൾ തന്നെ തീർക്കുന്നു ; അവ പലപ്പോഴും വില്ലന്മാരായി കടന്നുവരുകയും ചെയ്യുന്നു. ചാനൽ ചർച്ചകളിൽ ന്യൂ ജനറേഷൻ മക്കൾ മൊബൈൽ ദുരുപയോഗം ചെയ്യുന്നതിനെ പഴിപറയുന്ന  ഓൾഡ് ജനറേഷൻ അച്ഛന്മാരിൽ എത്രപേര്ക്ക് ധൈര്യം കാണും സ്വന്തം മൊബൈൽ ഫോണ്‍  പാസ്സ് -വേർഡ്  ഒഴിവാക്കി മക്കൾക്ക്‌ കൈവിട്ടു  കൊടുക്കാൻ...!!


                                  സോഷ്യൽ മീഡിയകളുടെ കടന്നു കയറ്റം ഇന്ന് നമ്മെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഫെയ്സ്ബുക്കും , ട്വിറ്ററും, യു-ട്യൂബുമെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു. സ്വകാര്യതകൾപ്പോലും നിരന്തരം അപ്-ഡേറ്റ് ചെയ്യപ്പെടുന്ന കാലം. ലൈക്കുകളും , കമന്റുകളും, പോക്കുകളുമെല്ലാം  നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറുന്നു. ഫെയ്ക്കുകളുടെ ചതിക്കുഴികളിൽ വീണു പോകുന്ന ബാല്യങ്ങളും കൗമാരങ്ങളും നിരന്തരം വാർത്തയാകുന്നു. എന്നാൽ അതേ മാധ്യമത്തിനു തന്നെ ലക്ഷക്കണക്കിനാളുകളെ ഒരേ സമയം പ്രതികരണവുമായി തെരുവ് വീഥികളിൽ എത്തിക്കാൻ കഴിയുന്നു. മൂളിപ്പാട്ട് പാടിനടന്ന വീട്ടമ്മയെ മുഖ്യധാരാ പിന്നണി ഗായികയാക്കി മാറ്റാൻ സാധിക്കുന്നു. ഒരു രാജ്യത്തു മാത്രം ഒതുങ്ങിപ്പോയെക്കാവുന്ന സംഗീത-നൃത്ത ആൽബങ്ങളെ ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള കോടിക്കണക്കിനു ആരാധകരുടെ ഞരമ്പുകളിൽ ആവേശം കൊള്ളിക്കാൻ കഴിയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഈ നവമാധ്യമങ്ങളോട് തീർത്തും  പുറംതിരിഞ്ഞു നിൽക്കുന്നവരുടെ എണ്ണവും ചെറുതല്ല.
                         
                         
                     അച്ഛന്റെ കണ്ണ് വെട്ടിച്ച്  ഒളിച്ചും പാത്തും പുകവലിച്ചിരുന്ന മക്കളുടെ കാലം കഴിഞ്ഞു. അച്ഛനും മക്കളും ഒരേ തീൻമേശയുടെ രണ്ടറ്റത്തിരുന്ന് മദ്യപിക്കുന്ന പുതിയ തലമുറയ്ക്ക് ബഹുമാനം കുറവാണെന്ന് ഊറ്റം കൊള്ളുന്ന ഒരുപാട് പേർ  നമുക്കിടയിലുണ്ട് . അദ്ധ്യാപകന്റെ ചോദ്യശരങ്ങളെപ്പേടിച്ച് ഏറ്റവും പുറകിലെ സീറ്റിലിരിക്കുകയും, ചോദ്യം വന്നാൽ എഴുനേറ്റു നിന്ന് പരുങ്ങുകയും ചെയ്യുന്ന പഴയ യുവത്വമല്ല ഇന്ന് ; ഉത്തരം അറിയില്ലെങ്കിലും മുൻവരിയിലെ സീറ്റിൽ നിന്നുപോലും  'എനിക്കറിയില്ല ' എന്ന് ചങ്കൂറ്റത്തോടെ പറയാൻ പഠിക്കുന്ന പുതിയ യുവത രംഗത്ത് വരുന്നു എന്നതിൽ അമർഷംപൂണ്ട് നില്ക്കുന്ന അധ്യാപകർ ഒരുപക്ഷെ ആ മാറ്റം ഉൾക്കൊള്ളാൻ കഴിയാത്തവരായിരിക്കാം. അതേ സമയത്ത് തന്നെ അന്ന്യം നിന്ന് പോകുന്ന ബഹുമാനക്കുറവിന് ഏറ്റവും പ്രകടമായ ഉദാഹരണം വയോധികനായ ഒരാൾക്ക് വേണ്ടി ബസ്സിൽ താനിരിക്കുന്ന സീറ്റ് ഒഴിഞ്ഞു കൊടുക്കണമോ എന്ന കാര്യം പുതിയ തലമുറയ്ക്ക് അറിയാതെ പോകുന്നു എന്നതാണ് ; അതാരും മാതൃകാ രൂപേണെ അവനെ പഠിപ്പിക്കുന്നുമില്ല താനും . എണ്‍പതുകളിൽ ക്ലാസ്സിൽ വൈകിവന്ന എട്ടാം ക്ലാസ്സുകാരന് ടീച്ചർ കൊടുത്ത ശിക്ഷ 'പെണ്‍കുട്ടികളോടൊപ്പം ഇരിക്കുക'-എന്നതായിരുന്നു. അതവനു താങ്ങാനാവുന്നതിനുമപ്പുറത്തായിരുന്നു. പിന്നീടൊരിക്കലും അവൻ ക്ലാസ്സിൽ വൈകിയെത്തിയിട്ടില്ല..!! എന്നാൽ ഇന്ന് അത്തരമൊരു ശിക്ഷ അഞ്ചാം ക്ലാസ്സുകാരന് പോലും ക്ലാസ്സിൽ സ്ഥിരമായി വൈകിയെത്താനുള്ള ഒരു പ്രജോദനം മാത്രമാണ്. കൗമാരം ബാല്യത്തെ വളരെ വേഗതയിൽ വിഴുങ്ങുന്നു എന്ന് കരുതിയാൽ അതിശയോക്തിക്കു വകയില്ല.
               
                     
               ഹെയർ സ്റ്റൈലിലും , ഡ്രെസ്സിങ്ങിലും നമ്മുടെ പുതിയ തലമുറ ഇത്തിരി ഒവറല്ലേ  എന്ന് പഴയ തലമുറയ്ക്ക് തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല...!!..എന്നാൽ അതെ സമയം തന്നെ ബെൽ- ബോട്ടം പാന്റും ,  ഇരട്ടി വലുപ്പമുള്ള കോളറാ-ഷർട്ടും , കിളിക്കൂട് കൂട്ടിയ പോലെ തോന്നിക്കുന്ന ഹെയർ സ്റ്റൈലുമെല്ലാം  പഴയ കാലത്ത്  ഹരം കൊള്ളിക്കുന്ന വേഷ വിധാനങ്ങളായിരുന്നു എന്ന് മറക്കാതിരുന്നാൽ നന്ന്...!!
                   കുറ്റം പറയേണ്ടത് പുതിയ തലമുറയെ അല്ല. അഭിനന്ദനം അർഹിക്കുന്നത് പഴയ തലമുറയും അല്ല. മാറ്റേണ്ടത് മലയാളിയുടെ ശീലമാണ്....മറ്റുള്ളവന്റെ കുറ്റം കണ്ടുപിടിക്കാനുള്ള സദാചാരക്കണ്ണുകളാണ് ...!! മദ്യപിക്കുംപോഴും, മൊബൈൽ ഉപയോഗിക്കുമ്പോഴും, ബസ്സിൽ കയറുമ്പോഴും , ക്യൂവിൽ നില്ക്കുമ്പോഴും, സിനിമാ തിയേറ്ററിലും , വസ്ത്രധാരണത്തിലും, പ്രണയത്തിലും, ലൈംഗിഗതയിലും , എന്തിനേറെ പറയുന്നു ഒളിഞ്ഞു നോക്കുമ്പോൾ പോലും പാലിക്കേണ്ട ചില മര്യാദകളുണ്ട്. എന്തിനുമേതിനും പാശ്ചാത്യ അനുകരണം ഗുണം ചെയ്യില്ല. എന്നാൽ കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ മടി കാണിക്കുകയും അരുത്...!!
പഴമയുടെ പാരമ്പര്യമുൾക്കൊള്ളാൻ  പ്രത്യാശയുടെ പുതുമയ്കകാവട്ടെ ...എന്ന് പ്രാർത്ഥിക്കുന്നു..!!



പെറ്റതും കൊന്നതും നീ തന്നെ...!!

-കവിത- 


അമ്മേ..
എന്തിനീ മൂര്‍ച്ചയുള്ളോരായുധം
ഒന്നുറക്കെ കരയുമ്മുമ്പേ
ഇമകള്‍ തുറക്കുമ്മുമ്പേ
ഞങ്ങള്‍ താന്‍ കണ്ഠമറുക്കാനോ
എന്തിനീ ക്രൂരത ......

പഞ്ഞുപോൽ  മര്‍ദ്ദവമാം ഗര്‍ഭപാത്രത്തിലൊ-
രിടം  തന്നതും
പത്തു മാസം ചുമന്നതും
അസഹ്യമാം വേദന തിന്ന്
നൊന്ത് പെറ്റതും നീയല്ലേ...
എന്നിട്ടും...
കൈ വിറയ്ക്കാത്തതെന്തേ നിന്‍-
നെഞ്ചിടിക്കാതെന്തേ
കണ്ണ് നിറയാത്തതെന്തേ നീ-
ഒരുമാത്ര നോക്കാത്തതെന്തേ
മാറോടണയ്ക്കാത്തതെന്തേ നീ -
വാത്സല്ല്യത്തേനോലുമൊരുമ്മ
തരാത്തതെന്തേ...

നരനായി പ്പിറന്നോരീ ജന്മതിലേറെയുണ്ടാശകളമ്മേ ...!!

നിൻ മാറിൽ കിനിയുമാ പാലമൃതിൻ
മാധുര്യം നുണയുവാൻ
നിൻ താരാട്ടു പാട്ടിനീണത്തിൽ മയങ്ങുവാൻ
നിൻ കൈകളിൻ ചൂടിലോതുങ്ങുവാൻ
നിൻ കൈയ്യാലിത്തിരി ചോറുണ്ണുവാൻ
നിൻ വിരൽ  പിടിച്ചു പിച്ചവെക്കുവാൻ
നിൻ ശകാരം കേൾക്കുവാൻ
നിൻ സ്നേഹം തുളുമ്പും തല്ലുകൊള്ളുവാൻ

ഇനിയുമുണ്ടാശകളേറെയമ്മേ ...!!!

തൊടിയിലും  വയലിലും ഓടിക്കളിക്കുവാൻ
മഴവില്ലിൻ വർണ്ണമേഴുമാസ്വദിക്കുവാൻ  
പൂക്കളിൻ  കവിളിൽ തലോടുവാൻ
കുയിലിൻ  നാദം കേൾക്കുവാൻ
വെയിലേറ്റു വാടുവാൻ
മഞ്ഞിലും മഴയിലും നനയുവാൻ
അറിവിന്റെ പാലാഴിയിൽ നീരാടുവാൻ
ഒത്തിയൊത്തിരിയാശകൾ ...........................

പറിച്ചെടുത്തിടല്ലേ ...... നിഷേധിച്ചിടല്ലേ....
എന്ത് പാപം ചെയ്തു ഞങ്ങൾ
നിൻ വയറ്റിൽ പിറന്നതോ
നിൻ  സ്വാർത്ഥതയ്ക്കായരുതമ്മേ
നിൻ  കൈകളിൽ  രക്തം പുരളരുത്

അമ്മേ ...വെറുതെ വിടൂ അമ്മേ
വേദനിക്കുന്നമ്മേ
വലിച്ചെറിയൂ ...മൂർച്ചയുള്ളോരാ ആയുധം
മാറോടണയ്ക്കൂ ഞങ്ങളെ ..
അരുത് ...അരുതമ്മേ ........
അ ....മ്മേ....  അ ....മ്മേ ...